അട്ടയെ മെത്തയിൽ കിടത്തിയാൽ...

August 31, 2010
(വോൾട്ടയറുടെ Bababec et les fakirs-ന്റെ സ്വതന്ത്ര പരിഭാഷ)

ബ്രാഹ്മണരുടെ പുരാതന വാസസ്ഥലമായ ബനാറസിൽ, ഗംഗയുടെ തീരത്തു് കഴിഞ്ഞിരുന്ന സമയത്തു് എന്റെ അറിവു് കഴിയുന്നത്ര വർദ്ധിപ്പിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. ഭാരതീയ ഭാഷയിലെ ജ്ഞാനം കഷ്ടി ആയിരുന്നതിനാൽ ഞാൻ എല്ലാക്കാര്യങ്ങളും കൂടുതൽ ഏകാഗ്രതയോടെ കേൾക്കുകയും ഓരോന്നും കൃത്യമായി ശ്രദ്ധിക്കുകയും ചെയ്തു. ഞാൻ അതുവരെ കണ്ടിട്ടുള്ളവരിൽ വച്ചു് ഏറ്റവും മാന്യനായിരുന്ന ഒമ്രി എന്ന ഒരു കച്ചവടക്കാരൻ സുഹൃത്തിനോടൊപ്പമായിരുന്നു എന്റെ താമസം. അവൻ ഒരു ബ്രാഹ്മണനായിരുന്നു. മുസൽമാൻ എന്ന ബഹുമതി ആയിരുന്നു എന്റേതു്. മുഹമ്മദിന്റെയോ ബ്രഹ്മാവിന്റെയോ പേരിൽ ഞങ്ങൾ തമ്മിൽ ഒരിക്കലെങ്കിലും ഉച്ചത്തിലുള്ള വാക്കുതർക്കങ്ങൾ ഉണ്ടായിട്ടില്ല. ഞങ്ങൾ രണ്ടുപേരും, ഓരോരുത്തരും അവരവരുടേതായ രീതിയിൽ അനുശാസനങ്ങൾ അനുസരിച്ചുള്ള കഴുകലുകൾ നടത്തിപ്പോന്നു; രണ്ടു സഹോദരങ്ങളെപ്പോലെ, ഞങ്ങൾ ഒരേതരം നാരങ്ങാവെള്ളം കുടിച്ചും ഒരേതരം ചോറുണ്ടും ജീവിച്ചു. ഒരിക്കൽ ഞങ്ങൾ ഗവാനിക്ഷേത്രത്തിൽ പോയപ്പോൾ അവിടെ പല വിഭാഗങ്ങളിൽപ്പെട്ട ഫക്കീറുകളെ കണ്ടു. ധ്യാനത്തിൽ മുഴുകി ശാന്തമായ ജീവിതം നയിച്ചിരുന്ന യോഗികൾ ആയിരുന്നു അവരിൽ ഒരു വിഭാഗം. പഴയ നഗ്നസാധുക്കളുടെ (Gymnosophists) ശിഷ്യന്മാരായിരുന്നു മറ്റൊരു വിഭാഗം. അവർ ക്ലേശകരമായ ജീവിതം നയിച്ചിരുന്നവരായിരുന്നു. പുരാതനബ്രാഹ്മണർ സംസാരിച്ചിരുന്ന പണ്ഡിതഭാഷയാണു് അവർ ഉപയോഗിക്കുന്നതെന്നു് പ്രസിദ്ധമായിരുന്നു. "വേദം" എന്നു് അവർ വിളിക്കുന്ന ഒരു ഗ്രന്ഥം ഈ ഭാഷയിൽ എഴുതപ്പെട്ടതാണു്. "Zend Avesta" ഉൾപ്പെടെയുള്ള എല്ലാ ഏഷ്യൻ ഗ്രന്ഥങ്ങളേക്കാളും സംശയരഹിതമായി പഴക്കമേറിയതാണു് ഈ ഗ്രന്ഥം.

ആ പുസ്തകം വായിച്ചുകൊണ്ടിരുന്ന ഒരു ഫക്കീറിനെ ഞാൻ കടന്നുപോയപ്പോൾ അവൻ വിളിച്ചുപറഞ്ഞു: "നാശം പിടിച്ച അവിശ്വാസീ, നീ മൂലം ഞാൻ എണ്ണിക്കൊണ്ടിരുന്ന അക്ഷരങ്ങളുടെ എണ്ണം മറന്നു. അതുവഴി ഞാൻ ഇപ്പോഴുംകൂടെ ആശിച്ചിരുന്നതുപോലെ എന്റെ ആത്മാവു് ഒരു തത്തക്കിളിയിലേക്കു് എത്തുന്നതിനുപകരം ഒരു മുയലിന്റെ ശരീരത്തിലേക്കു് കുടിയേറേണ്ടിവരും"! ഞാൻ അവനു് പരിഹാരമായി ഒരു രൂപ കൊടുത്തു. ഞങ്ങൾ കുറച്ചുകൂടി നടന്നപ്പോൾ നിർഭാഗ്യവശാൽ എനിക്കു് തുമ്മേണ്ടിവന്നു. എന്റെ തുമ്മലിന്റെ ശബ്ദം നിര്‍വൃതിയില്‍ മുഴുകിയിരിക്കുകയായിരുന്ന മറ്റൊരു ഫക്കീറിനെ ഉണർത്തി. പരിഭ്രാന്തനായ അവന്റെ ജൽപനം ഇങ്ങനെയായിരുന്നു: "ഞാൻ എവിടെയാണു്? എന്തൊരു ഭയാനകമായ വീഴ്ച്ച! എനിക്കെന്റെ മൂക്കിന്റെ അറ്റം കാണാനാവുന്നില്ല. സ്വർഗ്ഗീയപ്രകാശവും മാഞ്ഞുപോയി". ഞാൻ അവനോടു് പറഞ്ഞു: "അങ്ങേയ്ക്കു് അങ്ങയുടെ മൂക്കിന്റെ അറ്റത്തേക്കാൾ കൂടിയ അകലത്തിലേക്കു് കാണാൻ കഴിയുന്നതിന്റെ കുറ്റം എന്റേതാണെങ്കിൽ, അതുപോലൊരു അനർത്ഥം സൃഷ്ടിച്ചതിനു് പകരമായി ഞാൻ ഇതാ ഒരു രൂപ തരുന്നു. തുടർന്നും അങ്ങയുടെ സ്വർഗ്ഗീയപ്രകാശത്തിനു് സ്വയം സമർപ്പിച്ചാലും".

അങ്ങനെ ആ പ്രശ്നത്തിൽ നിന്നും തന്മയത്വത്തോടെ തലയൂരിയശേഷം ഞാൻ നഗ്നസാധുക്കളുടെ അരികിലേക്കു് പോയി. ബ്രഹ്മാവിന്റെ നാമത്തിൽ തുടയിലോ കൈത്തണ്ടയിലോ തുളച്ചുകയറ്റാനുള്ളവയാണെന്ന നിർദ്ദേശത്തോടെ സുന്ദരമായ കുറെ ചെറിയ ആണികൾ അവരിൽ ചിലർ എനിക്കു് വച്ചുനീട്ടി. ഞാൻ അതു് വിലകൊടുത്തുവാങ്ങി. പിൽക്കാലത്തു് ഞാൻ അവ എന്റെ പരവതാനികൾ ഉറപ്പിക്കുന്നതിനായി ഉപയോഗിക്കുകയായിരുന്നു. ആ നഗ്നസാധുക്കളിലെ മറ്റുചിലർ കൈകളിൽ കുത്തി നടന്നുകൊണ്ടിരുന്നു. വേറേ ചിലർ അയഞ്ഞ കയറിൽ സ്വയം പ്രതിഷ്ഠിച്ചു് കാഴ്ചക്കുവച്ചു. വീണ്ടും ചിലർ ഒറ്റക്കാലിൽ ചാടിക്കൊണ്ടിരുന്നു. ചിലർ മാലകൾ ചാർത്തിയിരുന്നു, മറ്റുചിലർ ഭാരം ചുമന്നിരുന്നു. വേറെ പലരും അവരുടെ തല ഒരു പാത്രത്തിനുള്ളിൽ ഇറക്കിവച്ചു് ലോകത്തിലെ ഏറ്റവും മര്യാദക്കാരായ മനുഷ്യരെപ്പോലെ നിലകൊണ്ടു.

(ഇതുപോലുള്ള ആക്രബാറ്റിക്സ്‌ ബ്ലോഗിലും ബസിലും ചാറ്റിലുമൊക്കെ കൂടിവരുന്നുണ്ടെന്നതിനാൽ, അതിന്റെ പിന്നിൽ ഇത്തരം സാധുക്കളുടെ പിന്മുറക്കാരാണെന്ന സ്ഥിരീകരിക്കപ്പെടാത്ത ചില അഭിപ്രായങ്ങൾ ചരിത്രകാരന്മാരുടേതായി നിലവിലുണ്ടു്. ചരിത്രം എന്നതു് ഭാരതത്തിൽ ചരിത്രകാരന്മാരുടെ ജാതി, മതം, രാഷ്ട്രീയ നിലപാടുകൾ, സാമ്പത്തികസ്രോതസ്സ്‌ മുതലായ പല കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മാറിമറിയാവുന്നവയാണെന്നതിനാൽ കൃത്യമായ ഒരു വിലയിരുത്തൽ ഒരിക്കലും സാദ്ധ്യമല്ല).

എന്റെ സുഹൃത്തു് ഒമ്രി എന്നെ ബാബാബെക്‌ എന്ന പ്രസിദ്ധനായ ഒരു ഫക്കീറിന്റെ അറയിൽ കൊണ്ടുപോയി. ഒരു കുരങ്ങനെപ്പോലെ നഗ്നനായിരുന്ന അവൻ അറുപതു് പൗണ്ടിൽ കൂടുതൽ ഭാരം വരുന്ന ഒരു വലിയ ചങ്ങല കഴുത്തിൽ ധരിച്ചിരുന്നു. ചെറിയ ആണികൾ നിരപ്പെ വെടിപ്പായി ഉറപ്പിച്ചിരുന്ന ഒരു മരക്കുരണ്ടിയിലായിരുന്നു അവൻ ആസനസ്ഥനായിരുന്നതു്. ആണികൾ അവന്റെ ചന്തികളിൽ തുളഞ്ഞുകയറുന്നുണ്ടായിരുന്നെങ്കിലും, ഒരു വെൽവെറ്റ്‌ കുഷ്യനിൽ ഇരിക്കുകയായിരുന്നാലെന്നപോലുള്ള ഭാവമായിരുന്നു അവന്റെ മുഖത്തു്. എണ്ണമറ്റ സ്ത്രീകൾ അവനോടു് ഉപദേശം ചോദിക്കുന്നതിനുവേണ്ടി വന്നുകൊണ്ടിരുന്നു. ഒരു കുടുംബകോമരം ആയിരുന്ന അവൻ വലിയ ജനപ്രീതിയുള്ളവനായിരുന്നു എന്നു് പറഞ്ഞാൽ അതിൽ തെറ്റൊന്നുമില്ല.

ഒമ്രിയും അവനും തമ്മിലുള്ള നീണ്ട ഒരു സംഭാഷണത്തിനു് ഞാൻ സാക്ഷിയായിരുന്നു. ഒമ്രി ചോദിച്ചു: "ബഹുമാന്യനായ പിതാവേ, ഏഴുവട്ടം പുനർജ്ജനിക്കുക എന്ന പരീക്ഷയിൽ ജയിച്ചാൽ ഞാൻ ബ്രഹ്മാവിന്റെ സന്നിധിയിൽ എത്തുമെന്നു് അങ്ങു് കരുതുന്നുണ്ടോ"? അതിനു് ഫക്കീർ ഇങ്ങനെ മറുപടി പറഞ്ഞു: "നീ എങ്ങനെ ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്ന കാര്യമാണതു്". അപ്പോൾ ഒമ്രി: "ഒരു നല്ല പൗരനും, ഒരു നല്ല ഭർത്താവും, ഒരു നല്ല അച്ഛനും, ഒരു നല്ല സുഹൃത്തുമായിരിക്കാൻ ഞാൻ അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ടു്. ഇടയ്ക്കിടെ പലിശ വാങ്ങാതെ ഞാൻ ധനികർക്കു് പണം കടം കൊടുക്കാറുണ്ടു്; ദരിദ്രർക്കും ഞാൻ പണം കൊടുക്കാറുണ്ടു്, കൂടാതെ ഞാൻ അയൽക്കാരുമായി സമാധാനത്തിലാണു് ജീവിക്കുന്നതു്". "നീ ഇടയ്ക്കിടെയെങ്കിലും നിന്റെ ആസനത്തിൽ ആണികൾ തിരുകാറുണ്ടോ?" ആ ബ്രാഹ്മണൻ അന്വേഷിച്ചു. അതിനു് ഒമ്രി: "ഇല്ല പിതാവേ, ഒരിക്കലുമില്ല". അതിനു് ഫക്കീറിന്റെ മറുപടി: "എങ്കിൽ ഞാൻ ദുഃഖിക്കുന്നു. നീ തീർച്ചയായും പത്തൊൻപതാം സ്വർഗ്ഗത്തിനു് അപ്പുറത്തേക്കു് കടക്കുകയില്ല. അതു് കഷ്ടം തന്നെ". അതുകേട്ടു് അത്ഭുതപ്പെട്ട ഒമ്രി പറഞ്ഞു: "അതുകൊണ്ടെന്തു് കഷ്ടം? അതു് വളരെ ശ്രേഷ്ഠമായ ഒരു സ്ഥാനമാണല്ലോ. എന്റെ വിധിയിൽ ഞാൻ സംതൃപ്തനാണു്. എന്റെ ജന്മപരിണാമങ്ങളിലൂടെ കർത്തവ്യനിഷ്ഠതയോടെ ജീവിക്കാനും അവസാനത്തെ താവളത്തിൽ എത്തിച്ചേരാനും കഴിഞ്ഞാൽ, അങ്ങനെ ഞാൻ എത്തുന്ന സ്വർഗ്ഗം പത്തൊൻപതാമത്തേതോ ഇരുപതാമത്തേതോ എന്നതു് ഒരു വലിയ പ്രശ്നമായി എനിക്കു് തോന്നുന്നില്ല. ബ്രഹ്മാവിന്റെ സന്നിധിയിൽ അനുഗൃഹീതനായിത്തീരാൻ ഈ ഭൂമിയിൽ മാന്യമായി ജീവിച്ചാൽ പോരേ? ആട്ടെ, ആണികളും ചങ്ങലയുമായി ജീവിക്കുന്ന ബഹുമാന്യനായ അങ്ങു് ഏതു് സ്വർഗ്ഗത്തിൽ എത്തിച്ചേരാനാണു് ആഗ്രഹിക്കുന്നതു്?" "മുപ്പത്തഞ്ചാമത്തേതിൽ" ഫക്കീർ പറഞ്ഞു. ഒമ്രി തിരിച്ചടിച്ചു: "സ്വർഗ്ഗത്തിൽ എന്നേക്കാളും മുകളിൽ ആയിരിക്കണം എന്ന അങ്ങയുടെ ആഗ്രഹം പരിഹാസ്യമായിട്ടാണു് എനിക്കു് തോന്നുന്നതു്. അതിമോഹമാണു് അതിനുപിന്നിൽ. ഈ ലോകത്തിൽ ഉന്നത പദവികൾ മോഹിക്കുന്നവരെ ശപിക്കുന്ന നിങ്ങൾ എന്തുകൊണ്ടു് പരലോകത്തിൽ സ്വയം ഉന്നതപദവികളിൽ എത്താൻ മോഹിക്കുന്നു? എന്തിന്റെ പേരിലാണു് സ്വർഗ്ഗത്തിൽ എന്നേക്കാൾ ഉയർന്ന പരിഗണനകൾക്കു് നിങ്ങൾ അർഹരാവുന്നതു്? നിങ്ങൾ അറിഞ്ഞിരിക്കാൻ വേണ്ടി ഞാൻ ഇതുകൂടി പറയുന്നു: നിങ്ങളുടെ ആസനം തുളക്കാനുള്ള ആണികൾക്കായി പത്തുകൊല്ലംകൊണ്ടു് നിങ്ങൾ ചിലവാക്കുന്ന തുക ഞാൻ പത്തുദിവസംകൊണ്ടു് ദാനധർമ്മം ചെയ്യുന്നുണ്ടു്. നിങ്ങൾ മുഴുവൻ ദിവസവും പൂർണ്ണനഗ്നനായി ഒരു ചങ്ങലയും കഴുത്തിലിട്ടു് ആണിക്കുരണ്ടിയിൽ കുത്തിയിരിക്കുന്നതുകൊണ്ടു് ബ്രഹ്മാവിനു് തീർച്ചയായും ഏറെ ഗുണങ്ങളുണ്ടു്! കൂടാതെ, അതുവഴി നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തിനു് ചെയ്യുന്നതും വിലമതിക്കാനാവാത്ത ഒരു സേവനമാണു്! എന്റെ കാഴ്ചപ്പാടിൽ, പച്ചക്കറി കൃഷി ചെയ്യുന്നവരും മരങ്ങൾ നട്ടുപിടിപ്പിക്കുന്നവരും, നിങ്ങളേയും നിങ്ങളുടെ സഹപ്രവർത്തകരേയും പോലെ മൂക്കിന്റെ അറ്റം വീക്ഷിക്കുന്നവരും, അമിതമായ ആത്മീയകുലീനത്വത്തിന്റെ ഭാരം ചുമക്കുന്നവരുമായവരേക്കാൾ നൂറിരട്ടി മഹത്വമുള്ളവരാണു്".

ഇത്രയും പറഞ്ഞശേഷം ശാന്തനായ ഒമ്രി ആ ഫക്കീറിനെ മുഖസ്തുതികൊണ്ടു് സാവകാശം കീഴ്പ്പെടുത്തുകയും, അവന്റെ ചങ്ങലയും ആണികളും ഉപേക്ഷിക്കാൻ അവനോടു് അപേക്ഷിക്കുകയും, തന്റെ വീട്ടിലേക്കു് വന്നു് മാന്യമായ ഒരു ജീവിതം നയിക്കാൻ അവനെ ക്ഷണിക്കുകയും ചെയ്തു. അങ്ങനെ, കുളിപ്പിച്ചു് വൃത്തിയാക്കി സുഗന്ധദ്രവ്യങ്ങൾ പൂശി ശുദ്ധവസ്ത്രങ്ങൾ ധരിപ്പിക്കപ്പെട്ട ബാബാബെക്‌ പതിനാലു് ദിവസം ഒമ്രിയുടെ വീട്ടിൽ മര്യാദക്കാരനായി ജീവിച്ചു. ഇപ്പോഴത്തെ ജീവിതത്തിൽ താൻ മുൻപിലത്തേക്കാളും നൂറിരട്ടി ഭാഗ്യവാനാണെന്നു് അവൻ പലവട്ടം സമ്മതിച്ചു. പക്ഷേ, ഈ പുതിയ ജീവിതം വഴി അവനു് ജനത്തിന്റെ ഇടയിൽനിന്നും ലഭിച്ചിരുന്ന ശ്രദ്ധയും പ്രീതിയും നഷ്ടമായി; ഉപദേശം ചോദിക്കാനായി ഒരു സ്ത്രീയും അവനെത്തേടി വന്നില്ല. അവസാനം, പഴയതുപോലെ വീണ്ടും തന്റെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി അവൻ ഒമ്രിയെ വിട്ടു് അവന്റെ ആണികളിലേക്കുതന്നെ മടങ്ങിപ്പോയി.

(ഏകദേശം മുന്നൂറു് വർഷങ്ങളോളം പഴക്കമുള്ള വോൾട്ടയറിന്റെ ഈ രചനകൾ ഒരുപക്ഷേ മൂവായിരം വർഷങ്ങൾക്കു് മുൻപു് എഴുതപ്പെട്ടിരുന്നവ ആയിരുന്നെങ്കിൽ പോലും, ഭാരതീയ അവസ്ഥകളുടെ വർണ്ണനകളിൽ ഇന്നും വലിയ മാറ്റങ്ങൾ ഒന്നും വരുത്തേണ്ട കാര്യമില്ല എന്നതു് ഓരോ ഭാരതീയനും അഭിമാനാർഹമാണു്. അതിനേക്കാൾ നമ്മൾ രാജ്യഭക്തിയാൽ വികാരഭരിതരായി, ഞരമ്പുകളിൽ ചോര തിളച്ചുമറിയുന്നവരായി മാറേണ്ടതു്, ഇനിയും മിനിമം ഒരു മൂവായിരം വർഷങ്ങൾ കൂടി യാതൊരുവിധ മാറ്റവും ആവശ്യമില്ലാതെ നിലനിൽക്കാൻ മതിയായ പൊട്ടൻഷ്യൽ നമ്മുടെ നഗ്നസാധുക്കൾ നമുക്കു് പണ്ടേ പകർന്നു് നൽകിയിട്ടുണ്ടു് എന്ന വാദമുഖങ്ങളുടെ അഖണ്ഡനീയതയിലാണു്.)
 

ഇൻഡ്യൻ അഡ്‌വെഞ്ചർ

August 25, 2010
(വോൾട്ടയറുടെ Aventure indienne-ന്റെ സ്വതന്ത്ര പരിഭാഷ)

പതാഗൊറസ്‌ ഭാരതത്തിൽ കഴിഞ്ഞിരുന്ന കാലത്തു് അവിടത്തെ നഗ്നസാധുക്കളുടെ വിദ്യാലയത്തിൽ നിന്നും മൃഗങ്ങളുടെയും ചെടികളുടെയും ഭാഷ പഠിച്ചിരുന്നു ...
Continue reading...
 

ഒരു നല്ല ബ്രാഹ്മണന്റെ കഥ

August 22, 2010
(വോൾട്ടയറുടെ Histoire d'un bon bramin-ന്റെ സ്വതന്ത്ര പരിഭാഷ)

എന്റെ യാത്രകളിൽ ഞാൻ വളരെ പണ്ഡിതനും, ആത്മീയസമ്പത്തും ഉന്നതവിദ്യാഭ്യാസമുള്ളവനുമായ ഒരു വൃദ്ധബ്രാഹ്മണനെ പരിചയപ്പെട്ടു. അതിനൊക്കെ പുറമെ വള...
Continue reading...
 

അന്ധർ വർണ്ണങ്ങളെ വർണ്ണിക്കുമ്പോൾ

August 20, 2010
(വോൾട്ടയറുടെ Les aveugles juges des couleurs-ന്റെ സ്വതന്ത്ര പരിഭാഷ)

പാരീസിലെ "Quinze-Vingts" അന്ധാശുപത്രിയുടെ സ്ഥാപനസമയത്തു് എല്ലാ അന്തേവാസികൾക്കും തുല്യാവകാശം വാഗ്ദാനം ചെയ്യപ്പെട്ടതും അവരുടെ എല്ലാ കാര്യങ്ങള...
Continue reading...
 

ഏതു് മതം?

August 11, 2010
(റൂസ്സോയുടെ എമിലിൽ നിന്നും: സ്വതന്ത്ര പരിഭാഷ)

ക്ലേശകരമായ ഒരു വിഡ്ഢിത്തം വരച്ചുകാണിക്കേണ്ടിവന്നാൽ, കുട്ടികളെ മതപരമായ പ്രശ്നോത്തരപാഠം (catechism) പഠിപ്പിക്കുന്ന ഒരു പണ്ഡിതമ്മന്യനെ ആയിരിക്ക...

Continue reading...
 

വളർത്തലിലെ ബലപ്രയോഗം

August 7, 2010
(റൂസ്സോയുടെ എമിലിൽ നിന്നും ഒരു ഭാഗം: സ്വതന്ത്ര പരിഭാഷ)

കുഞ്ഞുങ്ങളെ യുക്തികൊണ്ടു് സ്വാധീനിക്കുക എന്നതു് ലോക്കിന്റെ (John Locke) ഇന്നും ഏറെ ജനപ്രീതിയുള്ള പ്രധാന തത്വമായിരുന്നു. പക്ഷേ, അതു് കൈ...
Continue reading...
 

നീ വ്യാഖ്യാനിക്കരുതു്!

June 17, 2010
ജീവിതകാലത്തു് പ്രസിദ്ധീകരിച്ച തത്വചിന്താപരമായ ഒരേയൊരു ഗ്രന്ഥമായ Tractatus logico-philosophicus-ന്റെ മുഖവുരയിൽ ലുഡ്‌വിഗ്‌ വിറ്റ്‌ഗെൻസ്റ്റൈൻ എഴുതി: "ഈ പുസ്തകത്തിന്റെ മുഴുവൻ ആശയവും തുടരുന്ന ഏതാനും വാക...
Continue reading...
 

ബുദ്ധിയോ യുക്തിയോ വേണ്ട, വിശ്വാസമേ വേണ്ടൂ!-(2)

May 24, 2010
(തുടക്കം അറിയാതെ ഒടുക്കം അറിയണ്ട എന്നുള്ളവര്‍ ആദ്യം ഈ വളവ് തിരിയുക)

നിങ്ങൾ കേട്ടില്ലേ? യുക്തിഭദ്രമായി ചിന്തിക്കാൻ കഴിയുന്നവരും അതുകൊണ്ടുതന്നെ വിശ്വാസി-സ്റ്റാറ്റിസ്റ്റിക്സ്‌ പ്രകാ...

Continue reading...
 

ബുദ്ധിയോ യുക്തിയോ വേണ്ട, വിശ്വാസമേ വേണ്ടൂ!-(1)

May 24, 2010
യുക്തിഭദ്രമായി ചിന്തിക്കാൻ ശേഷിയുള്ള മനുഷ്യരെ 'യുക്തിവാദികൾ' എന്ന നെഗറ്റീവ്‌ ലേബൽ ഒട്ടിച്ച മേശവലിപ്പിലാക്കി പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഒരു സമൂഹം ജീവിക്കുന്നതു് അതിന...
Continue reading...
 

ബഹുമാനം താടാ!

March 2, 2010
ഏതാനും ദിവസങ്ങളായി ഞാൻ വളരെ അസ്വസ്ഥനായിരുന്നു. മലയാളബ്ലോഗ്‌ സമൂഹം ഒരു തീമാറ്റിക്‌ റിസെഷൻ നേരിടേണ്ടിവരുമോ എന്നതായിരുന്നു എന്റെ ഭയം. ഒന്നാലോചിച്ചുനോക്കൂ. ഒരു സുപ്രഭാതത്തിൽ മനോരമ മാത...
Continue reading...
 

 

ജാലകം

 

chintha.com

 

Share/Bookmark

 

 

 

 

 

പോസ്റ്റുകള്‍ ഇതുവരെ

 1. ഇടവപ്പാതിയിലെ തിരുവോണം

2. രസകരമാകാവുന്ന ചില ചിന്തകൾ

3. ഭാരതീയനും വർഗ്ഗവിവേചനവും

4. ദൈവത്തിനു് പുണ്യാഹം തളിക്കുന്നവർ

5. അക്വീനാസിന്റെ അഞ്ചു് അന്തഃകരണങ്ങൾ

6. സ്ഥിതിസമത്വം - ഒരു മൃഗദാഹം

7. ഭാഷയും അറിവും

8. മുടിയമന്ത്രങ്ങൾ

9. ഒട്ടകത്തിനെ വെള്ളം കുടിപ്പിക്കാൻ

10. സ്വാതന്ത്ര്യഷഷ്ടിപൂർത്തി

11. സേതുസമുദ്രം - ഒരു വീക്ഷണം

12. കേഴുക കേരളമേ...

13. യൂറോപ്യൻ ചിന്താസരണികളും ഭാരതവും-1

14. യൂറോപ്യൻ ചിന്താസരണികളും ഭാരതവും-2

15. യൂറോപ്യൻ ചിന്താസരണികളും ഭാരതവും-3

16. കാളൻ നെല്ലാവുന്നതെങ്ങനെ?

17. ആത്മാവും ജീവിതവും

18. അഴിമതിയെ ഭരിക്കുന്ന അഴിമതിക്കാർ

19. ഒറ്റമൂലി ഇരട്ടമൂലി ഇത്യാദി...

20. അണുബാധയും ആരോഗ്യപരിപാലനവും

21. ജ്യോതിഷം ഒരു ശാസ്ത്രമോ?

22. ആധുനിക കലണ്ടർ വന്ന വഴി

23. ഭൂമിപുത്രിയുടെ ലേഖനം

24. വൈദ്യന്മാർ 'കൈ കഴുകാൻ' തുടങ്ങിയതിനെപ്പറ്റി

25. ഗോവസൂരിപ്രയോഗത്തിന്റെ ഉത്ഭവം

26. പതിനാലുവട്ടം പേപ്പട്ടി കടിച്ച കുട്ടി

27. ക്ഷയരോഗവും നാലു് ശാസ്ത്രജ്ഞരും

28. ഇതു് നരഹത്യയോ നരബലിയോ?

29. പ്രപഞ്ചോത്ഭവം ഫിസിക്സിന്റെ ദൃഷ്ടിയിൽ

30. ദൈവമല്ലാത്ത എനർജ്ജികളെപ്പറ്റി

31. ഉടുമ്പു് മുതൽ സ്വാമിമാർ വരെ

32. ഗർഭസ്ഥശിശു സംസാരിക്കുന്നു

33. ഈ 'ജീവൻ' എന്നാൽ എന്നതാ സാധനം?

34. മൃതശരീരം വജ്രമോതിരമാക്കി ധരിക്കാം

35. Franz Kafka -അക്ഷരങ്ങളായ അന്യഥാത്വം

36. 'ബിഗ്‌-ബാംഗും' ബാക്ക്‌ ഗ്രൗണ്ട്‌ റേഡിയേഷനും

37. ബിഗ്‌-ബാംഗ്‌ - ചില അടിസ്ഥാന ശാസ്ത്രീയതകൾ

38. ബിഗ്‌-ബാംഗ്‌ - സ്ഫോടനം സംഭവിച്ച കോസ്മിക്‌ സൂപ്പ്‌

39. ചില 'അതിഫയങ്കര' ചോദ്യങ്ങളെപ്പറ്റി

40. മനുഷ്യൻ എന്ന ജീവി

41. അന്വേഷണവും തിരിച്ചടികളും

42. സ്ഥലവും കാലവും 'ക്വാണ്ടംതരി'കളോ?

43. ഐൻസ്റ്റൈനു് പിഴച്ചിടം

44. ഐൻസ്റ്റൈനും ബോറും തമ്മിലെ മത്സരം

45. അകലമറിയാത്ത ആത്മബന്ധം

46. സ്ത്രീകളെപ്പറ്റി ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെ

47. മനുഷ്യൻ - തന്നോടൊപ്പം തനിയെ

48. സുഹൃത്തുക്കളെപ്പറ്റി - ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെ

49. ഭൂമിയുടെ പരിണാമം

50. അന്തരീക്ഷപരിണാമം

51. ജീവന്റെ ഉത്ഭവത്തെപ്പറ്റി

52. ജീവൻ എന്ന സങ്കീർണ്ണത

53. നുണ, ജ്ഞാനം, സന്യാസം...

54. നമുക്കു് ശ്രദ്ധാലുക്കളാവാം

55. പള്ളി - ദൈവത്തിന്റെ ശവക്കല്ലറ

56. തിരിച്ചറിവിന്റെ ഉത്ഭവം

57. മതങ്ങൾ സ്ഥാപിക്കപ്പെടുന്നതു്

58. മമ്മൂട്ടിയുടെ ബ്ലോഗും എന്റെ പുതുവർഷവും

59. ലോജിക്കിന്റെ ഉത്ഭവം

60. പ്രാർത്ഥനയുടെ വില

61. നക്ഷത്രങ്ങൾക്കുമുപരി

62. മരണത്തെപ്പറ്റിയുള്ള ചിന്ത

63. ധാർമ്മികതയും ഫിസിക്സും

64. സാമൂഹ്യവാസന - (Herd instinct)

65. കാര്യകാരണബന്ധം (cause and effect)

66. പാപത്തിന്റെ ഉറവിടം

67. ധാർമ്മികതയും മറ്റും

68. ബഹുദൈവവിശ്വാസത്തിന്റെ പ്രയോജനം

69. പുരോഹിതന്റെ ശാസ്ത്രഭയം

70. യേശു - ഒരേയൊരു ക്രിസ്ത്യാനി

71. മനുവിന്റെ നിയമങ്ങളും ക്രിസ്തീയതയും

72. പൗലോസിന്റെ ക്രിസ്തുമതം

73. സ്വവർഗ്ഗാനുരാഗം

74. ഉത്തരാധുനികം 'ദക്ഷിണാധുനികം'

75. ആദിസ്ഫോടനത്തിനും മുൻപു്

76. 196-ാ‍മത്തെ പോസ്റ്റ്‌

77. ചർച്ചയാണു് താരം

78. നക്ഷത്രഫലവും സത്യവും

79. ബഹുമാനം താടാ!

80. ബുദ്ധിയോ യുക്തിയോ വേണ്ട, വിശ്വാസമേ വേണ്ടൂ!-(1)

81. ബുദ്ധിയോ യുക്തിയോ വേണ്ട, വിശ്വാസമേ വേണ്ടൂ!-(2)

82. നീ വ്യാഖ്യാനിക്കരുത്

83. വളര്‍ത്തലിലെ ബലപ്രയോഗം

84. ഏത് മതം?

85. അന്ധര്‍ വര്‍ണ്ണങ്ങളെ വര്‍ണ്ണിക്കുമ്പോള്‍

86. ഒരു നല്ല ബ്രാഹ്മണന്‍റെ കഥ

87. ഇന്‍ഡ്യന്‍ അഡ്വെഞ്ചര്‍

88. അട്ടയെ മെത്തയില്‍ കിടത്തിയാല്‍ ...

89.