ചെസ്റ്റർഫീൽഡ് പ്രഭുവിന്റെ ചെവിയും പാതിരി ഗോഡ്മാനും (ഭാഗം ഒന്ന്)
Posted by c.k.babu on Thursday, October 7, 2010
Under: ഫിലോസഫി
(വോൾട്ടയറിന്റെ Les oreilles du comte de Chesterfield et le chapelain Goudman-ന്റെ സ്വതന്ത്ര പരിഭാഷ)
അദ്ധ്യായം - 1
ഈ ലോകത്തിലെ എല്ലാ കാര്യങ്ങളും ഈശ്വരേച്ഛയുടെ അനിവാര്യമായ നിയന്ത്രണത്തിലാണു് - എന്റെ അനുഭവത്തിലൂടെ ഞാൻ എത്തിച്ചേർന്ന നീതിപൂർവ്വകമായ ഒരു അനുമാനം.
എന്നെ വളരെ വിലമതിച്ചിരുന്ന മിലോർഡ് ചെസ്റ്റർഫീൽഡ് എനിക്കു് ഒരു ജോലി ലഭിക്കാൻ വേണ്ട ഒത്താശ ചെയ്യാമെന്നു് എന്നോടു് വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെയിരിക്കെയാണു് ഒരു നല്ല വികാരിപ്പണി ഒഴിവുണ്ടെന്നു് കേട്ടതു്. ഉടനെതന്നെ ഞാൻ ഒരുപാടു് അകലെയുള്ള എന്റെ ചെറുഗ്രാമത്തിൽ നിന്നും ലണ്ടനിലേക്കു് പുറപ്പെട്ടുചെന്നു് മിലോർഡ് ചെസ്റ്റഫീൽഡിനെക്കണ്ടു് അദ്ദേഹത്തിന്റെ വാഗ്ദാനത്തെപ്പറ്റി ഓർമ്മിപ്പിച്ചു. അദ്ദേഹം വളരെ സൗഹൃദപൂർവ്വം എന്റെ കൈപിടിച്ചു് കുലുക്കിക്കൊണ്ടു് ഞാൻ ഒട്ടും ആരോഗ്യവാനായിട്ടല്ല കാണപ്പെടുന്നതെന്നു് എന്നോടു് പറഞ്ഞു. എന്റെ ഏറ്റവും വലിയ ദുരിതം പട്ടിണിയാണെന്നു് ഞാൻ അവനെ അറിയിച്ചപ്പോൾ, എന്നെ എത്രയുംവേഗം സുഖപ്പെടുത്താൻ അവൻ ആഗ്രഹിക്കുന്നുവെന്നു് പറയുകയും കയ്യോടെതന്നെ മിസ്റ്റർ സിഡ്രാകിനു് ഒരു കത്തെഴുതി എന്നെ ഏൽപിക്കുകയും ചെയ്തു. പള്ളി ഇടവകയിലേക്കു് എന്നെ നിയമിച്ചുകൊണ്ടുള്ള ഉത്തരവു് എനിക്കു് കൈമാറാൻ ചുമതലപ്പെട്ടവനാണു് ഈ മിസ്റ്റർ സിഡ്രാക് എന്ന കാര്യത്തിൽ എനിക്കു് തെല്ലും സംശയം ഉണ്ടായിരുന്നില്ല. സന്തോഷംകൊണ്ടു് ഞാൻ അവന്റെയടുത്തേക്കു് കുതിച്ചു് പായുകയായിരുന്നു. കത്തു് വായിച്ചശേഷം എന്നെ അത്യാവശ്യമായി ഉടനെ പരിശോധിക്കേണ്ടതു് സുപ്രധാനമായ ഒരു കാര്യമാണെന്നു് മിലോർഡ് ചെസ്റ്റർഫീൽഡിന്റെ ഫാമിലി ഫിസിഷ്യൻ ആയിരുന്ന മിസ്റ്റർ സിഡ്രാക് എന്നെ അറിയിച്ചു. അഥവാ, എനിക്കു് മൂത്രസഞ്ചിയിൽ കല്ലുണ്ടെങ്കിൽ, എന്നെ ഭംഗിയായി ഓപ്പറേറ്റ് ചെയ്യുന്ന കാര്യവും താനേറ്റു എന്നും അവൻ ഉറപ്പുനൽകി.
എന്നുവച്ചാൽ, എനിക്കു് കഠിനമായ ബ്ലാഡർ ട്രബിൾ ഉണ്ടെന്ന ധാരണയാണു് ഞാൻ മിലോർഡിൽ സൃഷ്ടിച്ചതു് എന്നതിനാൽ, പ്രസിദ്ധമായിരുന്ന അദ്ദേഹത്തിന്റെ സ്വാഭാവികനന്മമൂലം, സ്വന്തം ചിലവിൽ എന്നെ ഓപ്പറേറ്റ് ചെയ്യിച്ചു് രക്ഷപെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അവന്റെ സഹോദരനെപ്പോലെതന്നെ പ്രഭു ചെസ്റ്റർഫീൽഡും ബധിരനായിരുന്നു. അതു് ഞാൻ അറിഞ്ഞിരുന്നില്ല.
എന്നെ നിശ്ചയമായും പരിശോധിക്കണം എന്ന നിലപാടുകാരനായിരുന്ന മിസ്റ്റർ സിഡ്രാകിൽ നിന്നും എന്റെ മൂത്രസഞ്ചിയെ പ്രതിരോധിക്കുന്നതിനായി എനിക്കു് നഷ്ടപ്പെട്ട സമയത്തിനിടയ്ക്കു് എന്റെ അൻപത്തിരണ്ടു് സഹഅപേക്ഷകരിൽ ഒരുവൻ മിലോർഡ് ചെസ്റ്റർഫീൽഡിനെ ചെന്നു് കാണുകയും, കാര്യം എങ്ങനെയോ വ്യക്തമാക്കുകയും, എനിക്കു് ലഭിക്കേണ്ട പള്ളിവികാരിസ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
ഞാൻ മിസ് ഫിഡ്ലറിൽ അനുരാഗബദ്ധനായിരുന്നു, ഇടവകാധികാരം കിട്ടിയാൽ ഉടനെ അവളെ വിവാഹം കഴിക്കാനും ഞാൻ ആഗ്രഹിച്ചിരുന്നു; പക്ഷേ സംഭവിച്ചതോ, എന്റെ എതിരാളിക്കു് എന്റെ ഉദ്യോഗവും കിട്ടി, എന്റെ കാമുകിയെ ഭാര്യയായും കിട്ടി.
പ്രഭു ചെസ്റ്റർഫീൽഡ് എന്റെ ഭാഗ്യദോഷത്തെപ്പറ്റി കേട്ടപ്പോൾ ഒരുപാടു് പശ്ചാത്തപിക്കുകയും, എനിക്കു് സംഭവിച്ച നഷ്ടം മറ്റൊരവസരത്തിൽ പരിഹരിക്കാമെന്നു് എനിക്കു് ഉറപ്പുതരികയും ചെയ്തു. പക്ഷേ, രണ്ടുദിവസങ്ങൾക്കുശേഷം അവൻ മരിച്ചുപോയി. എന്റെ സംരക്ഷകന്റെ മരണസമയത്തെ ശാരീരികാവയവങ്ങളുടെ അവസ്ഥപ്രകാരം ഒരു നിമിഷം പോലും കൂടുതൽ ജീവിക്കാൻ അവനു് കഴിയുമായിരുന്നില്ല എന്നു് മിസ്റ്റർ സിഡ്രാക് സംശയത്തിനിടനൽകാതെ, സംക്ഷിപ്തമായി എന്നെ പറഞ്ഞു് മനസ്സിലാക്കി. മിലോർഡിന്റെ ബധിരതക്കു് കാരണം, അവന്റെ കർണ്ണപുടം കല്ലുപോലെ കഠിനമായതാണെന്നും, വേണമെങ്കിൽ എന്റെ രണ്ടു് ചെവികളും സ്പിരിറ്റ് ഉപയോഗിച്ചു് ചികിത്സിച്ചു് എന്നെ മറ്റാരേക്കാളും കൂടുതലായി ബധിരനാവാൻ കഴിയുന്നത്ര എന്റെ കർണ്ണപുടങ്ങളേയും കഠിനമാക്കിത്തരാമെന്നും അവൻ നിർദ്ദേശിച്ചു.
മിസ്റ്റർ സിഡ്രാക് ഒരുപാടു് പഠിച്ച ഒരു പണ്ഡിതനാണെന്നു് എനിക്കു് മനസ്സിലായി. ഒരുപാടു് സ്നേഹത്തോടെ അവൻ എന്നെ പ്രകൃതിശാസ്ത്രങ്ങൾ പഠിപ്പിച്ചു. അതു് മാത്രമല്ല, അവൻ വളരെ കൃപയുള്ളവനുമാണെന്നും, ആവശ്യമായിവന്നാൽ, എന്റെ മൂത്രസഞ്ചിയെ പ്രതിഫലമില്ലാതെ ഓപ്പറേറ്റ് ചെയ്യാനും, അതുവഴി എന്റെ സഞ്ചിയെ ഭീഷണിപ്പെടുത്തിയേക്കാവുന്ന എല്ലാത്തരം അപകടങ്ങളും ഇല്ലായ്മ ചെയ്യാനും അവൻ മടി കാണിക്കുകയില്ലെന്നും എനിക്കു് ബോദ്ധ്യമായി.
അങ്ങനെ, എന്റെ ഇടവകയും, കാമുകിയും എനിക്കു് നഷ്ടപ്പെട്ടതു് മറക്കാനും എന്നെ സ്വയം ആശ്വസിപ്പിക്കാനുമായി ഞാൻ മിസ്റ്റർ സിഡ്രാകിന്റെ അധ്യാപനത്തിനു് കീഴിൽ പ്രകൃതിശാസ്ത്രം പഠിക്കാൻ തുടങ്ങി.
അദ്ധ്യായം - 2
അഞ്ചു് ഇന്ദ്രിയങ്ങളുടേയും, എന്റെ കണ്ണടയുടേയും, ഒരു മൈക്രോസ്കോപ്പിന്റേയും സഹായത്തോടെ പ്രകൃതിയിൽ ഒരുപാടു് നിരീക്ഷണങ്ങൾ നടത്തിയശേഷം ഒരു ദിവസം ഞാൻ സിഡ്രാകിനോടു് പറഞ്ഞു: "മനുഷ്യർ നമ്മളെ തീർച്ചയായും വിഡ്ഢികളായി കരുതും. പ്രകൃതി എന്നൊന്നില്ല, എല്ലാം വെറും കലയാണു്. ആശ്ചര്യപ്പെടേണ്ടതായ ആ ഒരു കലയാണു് സൂര്യനെ സ്വയം തിരിഞ്ഞുകൊണ്ടിരിക്കാനും, ഗ്രഹങ്ങളെ ക്രമാനുസൃതമായി സൂര്യനു് ചുറ്റും കറങ്ങാനും അനുവദിക്കുന്നതു്. ലണ്ടനിലെ റോയൽ സൊസൈറ്റിയിൽ ഉള്ളവരെപ്പോലെതന്നെ വിശദാംശങ്ങൾ പഠിച്ചവനായ ആരോ ഒരാൾ എല്ലാം അത്ഭുതകരമായി സജ്ജീകരിച്ചതാവണം ഇതെല്ലാം. അതിന്റെ താക്കോൽ കണ്ടെത്തണമെങ്കിൽ ഒരുവൻ ഒരു ആഭിചാരകനായിരിക്കണം.
തെംസിൽ വേലിയേറ്റവും വേലിയിറക്കവും വരുന്നതും, എന്റെ അഭിപ്രായത്തിൽ, ഇതിലും ഒട്ടും കുറവല്ലാത്തവിധം ആഴമേറിയതും, മനസ്സിലാക്കാൻ പ്രയാസമേറിയതുമായ ഒരു കലയുടെ പ്രവർത്തനഫലമായാണു്.
മൃഗങ്ങൾ, ചെടികൾ, ധാതുക്കൾ മുതലായവയെല്ലാം അളവും തൂക്കവും എണ്ണവും ചലനവും ഉള്ളവയാണെന്നതുപോലെ എനിക്കു് തോന്നുന്നു. പുൽക്കൊടി മുതൽ തേക്കു് വരെയും, ചെള്ളു് മുതൽ മനുഷ്യൻ വരെയും, മണൽത്തരി മുതൽ മേഘങ്ങൾ വരെയും എല്ലാം സ്പ്രിംഗുകളും, ഉത്തോലകങ്ങളും, കപ്പികളും, ഹൈഡ്രോളിക് മെഷീനുകളും കെമിക്കൽ ലബോററ്ററികളുമാണു്.
തീർച്ചയായും എല്ലാം കലയും, പ്രകൃതി ഒരു മസ്തിഷ്കഭൂതവുമാണു്.
അതിനു് മറുപടിയായി സിഡ്രാക് പറഞ്ഞു: "നിങ്ങൾ പറയുന്നതു് ശരിയാണു്. പക്ഷേ, ഇംഗ്ലീഷ് ചാനെലിനപ്പുറത്തു് ഇതേ അഭിപ്രായം പ്രകടിപ്പിച്ച ഒരു സ്വപ്നവിഹാരിക്കു് ചെവി ലഭിക്കാതിരുന്നതുപോലെതന്നെ, നിങ്ങളുടെ ഈ അഭിപ്രായവും മനുഷ്യർ ശ്രദ്ധിക്കാൻ പോകുന്നില്ല."
"ദുര്ഗ്രഹമായതെന്നു് തോന്നുന്ന ഈ കല വഴി രണ്ടു് പണിയായുധങ്ങൾ മൂന്നാമതൊരു പണിയായുധത്തെ നിർമ്മിക്കുന്നതാണു് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നതും, എനിക്കു് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നതും. മിസ് ഫിഡ്ലറിനോടു് ചേർന്നു് അതുപോലൊരു മൂന്നാമത്തേതിനെ നിർമ്മിക്കാൻ എനിക്കു് കഴിയാതെ പോയതിൽ ഞാൻ അങ്ങേയറ്റം ദുഃഖിതനുമാണു്. അതേസമയം, മിസ് ഫിഡ്ലർ ഈ ജോലിക്കു് മറ്റൊരു മെഷീനെയാണു് ഉപയോഗപ്പെടുത്തേണ്ടതെന്നു് അനശ്വരമായ ആലോചനാസമിതിയിൽ തീരുമാനിക്കപ്പെട്ടിരുന്നു എന്ന വസ്തുത ഞാൻ നിരുപാധികം അംഗീകരിക്കുകയും ചെയ്യുന്നു."
ഇതുകേട്ട സിഡ്രാക് എന്നോടു് പറഞ്ഞു: "നിങ്ങൾ ഈ പറയുന്നതു് പണ്ടേ പറഞ്ഞുകഴിഞ്ഞതാണെങ്കിലും, അതു് ഒരിക്കൽകൂടി പറയുന്നതു് നല്ലതാണു്, കാരണം, അതിൽനിന്നും വെളിപ്പെടുന്നതു് നിങ്ങൾ ചിന്തിക്കുന്നതു് ശരിയാണെന്നതിന്റെ പ്രോബബിലിറ്റിയാണു്. അതേ, രണ്ടു് അസ്തിത്വങ്ങൾ മൂന്നാമതൊന്നിനു് രൂപം നൽകുന്നതു് വളരെ ആഹ്ലാദകരമായ ഒരു കാര്യമാണു്. എങ്കിൽത്തന്നെയും, അതു് എല്ലാ അസ്തിത്വങ്ങൾക്കും ബാധകമല്ല. രണ്ടു് റോസാപ്പൂക്കൾ പരസ്പരം സ്പര്ശിച്ചാൽ ഒരുവിധത്തിലും മൂന്നാമതൊന്നു് ഉണ്ടാവുന്നില്ല. രണ്ടു് ചരൽക്കല്ലുകളോ, ലോഹങ്ങളോ മൂന്നാമതൊന്നിനെ സൃഷ്ടിക്കുന്നില്ല. എന്നാലും, കല്ലുകളും ലോഹങ്ങളും മനുഷ്യന്റെ വൈദഗ്ദ്ധ്യത്തിനു് നിർമ്മിക്കാൻ കഴിയാത്ത പദാർത്ഥങ്ങളാണു്. (വോൾട്ടയറുടെ കാലത്തേതിൽ നിന്നും വ്യത്യസ്തമായി ഇന്നു് അത്തരം നിർമ്മാണം ശാസ്ത്രത്തിനു് സാദ്ധ്യമാണു്. ലഭിക്കുന്ന ഫലം അതിനു് വേണ്ടിവരുന്ന ചിലവുമായി തട്ടിച്ചുനോക്കുമ്പോൾ അവഗണനീയമായിരിക്കുമെന്നതിനാൽ അതുപോലുള്ള ശ്രമങ്ങൾ അർത്ഥശൂന്യമാണെങ്കിലും.) മഹനീയവും മനോഹരവും എപ്പോഴും തുടർന്നു് നിലനിൽക്കുന്നതുമായ ഒരു അത്ഭുതമാണു് ഒരു യുവാവും യുവതിയും ചേർന്നു് ഒരു കുഞ്ഞിനെ ജനിപ്പിക്കുന്നതും, ഒരു രാക്കുയിൽപ്പൂവൻ രാക്കുയിൽപിടയോടു് ചേർന്നു് - ഒരു ആറ്റക്കുരുവിപ്പിടയോടു് ചേർന്നല്ല - ഒരു രാക്കുയിൽക്കുഞ്ഞിനെ ജനിപ്പിക്കുന്നതും. ഒരുവൻ അവന്റെ ജീവിതത്തിന്റെ പകുതി അവയെ അനുകരിക്കാനും, ബാക്കി പകുതി ഈ മാർഗ്ഗം കണ്ടുപിടിച്ചവനെ പുകഴ്ത്താനുമാണു് ചിലവഴിക്കേണ്ടതു്. പ്രത്യുത്പാദനത്തിൽ ആയിരം അത്ഭുതകരമായ രഹസ്യങ്ങൾ മറഞ്ഞിരിക്കുന്നു. പ്രകൃതി എല്ലായിടത്തും ഒരുപോലെയാണെന്നു് ന്യൂട്ടൺ പറയുന്നു. എന്നാൽ പ്രണയത്തിന്റെ കാര്യത്തിൽ അതു് ശരിയല്ല. മത്സ്യങ്ങളും ഇഴജന്തുക്കളും പക്ഷികളും പ്രണയിക്കുന്നതു് നമ്മളിൽ നിന്നും വ്യത്യസ്തമായും, അതുതന്നെ എണ്ണമറ്റ വിധത്തിലുമാണു്. അനുഭവശേഷിയുള്ള, പ്രവർത്തനശേഷിയുള്ള ഒരു അസ്തിത്വം രൂപമെടുക്കുന്നതു് എന്നെ ഉല്ലാസവാനാക്കുന്നു. ചെടികൾക്കും അവയുടെ ആകർഷണീയതയുണ്ടു്. മണ്ണിലേക്കെറിഞ്ഞ ഒരു ധാന്യമണി അനേകം ധാന്യമണികളെ ജനിപ്പിക്കുന്നതിനെപ്പറ്റി ഞാൻ എപ്പോഴും അത്ഭുതപ്പെടാറുണ്ടു്."
അതുകേട്ടു് ഒരു വിഡ്ഢിയേപ്പോലെ - അന്നു് ഞാൻ ഒരു വിഡ്ഢി ആയിരുന്നുതാനും - ഞാൻ പറഞ്ഞു: "ആഹ്, അങ്ങനെ സംഭവിക്കുന്നതു്, ഞങ്ങളെ സ്കൂളിൽ പഠിപ്പിച്ചതുപോലെ, ആ ധാന്യമണി വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നതിനായി മരിക്കണം എന്നതിനാലാണു്."
മിസ്റ്റർ സിഡ്രാക് നിഗൂഢമായ ഒരു പുഞ്ചിരിയോടെ എന്നെ തിരുത്തി: "(സണ്ഡേ)സ്കൂളിൽ അവർ അങ്ങനെ പഠിപ്പിക്കുന്നുണ്ടാവാം. പക്ഷേ, അതു് പരിഹാസ്യമായ വിടുവായത്തരമാണെന്നു് ഇന്നു് ഒരു സാധാരണ കർഷകനുപോലും അറിയാം."
"ഓ, മിസ്റ്റർ സിഡ്രാക്, ഞാൻ ക്ഷമ യാചിക്കുന്നു, ഞാൻ ഒരു തിയൊളോജിയനായിരുന്നു. നിങ്ങൾക്കറിയാവുന്നപോലെ, ഒരുവനു് തന്റെ ശീലങ്ങൾ ഒറ്റയടിക്കു് ഉപേക്ഷിക്കാനാവില്ലല്ലോ."
അദ്ധ്യായം - 3
പാവം പാതിരി ഗോഡ്മാനും ഉഗ്രൻ അനാടമിസ്റ്റായ സിഡ്രാകും തമ്മിൽ ഈ സംഭാഷണം നടന്നു് ഏതാനും നാളുകൾക്കു് ശേഷം അവർ രണ്ടുപേരും സെന്റ് ജെയിംസ് പാർക്കിൽ വച്ചു് വീണ്ടും കണ്ടുമുട്ടി. ആ പാതിരി ചിന്തകളിലും സ്വപ്നങ്ങളിലും മുഴുകിയവനായിരുന്നു. തെറ്റായ കണക്കുകൂട്ടൽ നടത്തിയ ഒരു ഗണിതശാസ്ത്രജ്ഞനേക്കാൾ ചിന്നിച്ചിതറിയവനായി അവൻ കാണപ്പെട്ടു.
"എന്താ നിങ്ങളുടെ പ്രശ്നം? ബ്ലാഡറോ അതോ വൻകുടലോ നിങ്ങളെ ശല്യപ്പെടുത്തുന്നതു്?" സിഡ്രാക് ചോദിച്ചു.
"അല്ല, മൂത്രാശയമല്ല, പിത്താശയമാണു് ഇപ്രാവശ്യത്തെ ആകുലതയ്ക്കു് കാരണം. അൽപം മുൻപു് ഞാൻ കാൽനടയായി പോകുകയായിരുന്നു. അപ്പോളതാ ഗ്ലോസ്റ്ററിലെ വായാടിയും ലജ്ജയില്ലാത്തവിധം പണ്ഡിതമ്മന്യനുമായ ബിഷപ്പു് മനോഹരമായ ഒരു വാഹനത്തിൽ പോകുന്നു; അതെന്നെ വല്ലാതെ ദ്വേഷ്യം പിടിപ്പിച്ചു. ഞാൻ ആലോചിച്ചതു്, നമ്മുടെ രാജ്യത്തിൽ ഒരു ബിഷപ്പു് സ്ഥാനത്തിനുവേണ്ടി ഞാൻ ശ്രമിച്ചാൽ എനിക്കതു് ലഭിക്കുകയില്ല എന്നതിന്റെ പേരിൽ ആർക്കുവേണമെങ്കിലും ഒന്നിനു് പതിനായിരം എന്ന തോതിൽ ബെറ്റ് വയ്ക്കാം, കാരണം, നമുക്കു് ഇംഗ്ലണ്ടിൽ പതിനായിരം പാതിരിമാരുണ്ടു്. ബധിരനായിരുന്ന മിലോർഡ് ചെസ്റ്റർഫീൽഡ് മരിച്ചുപോയതിനാൽ എന്നെ സ്പോൺസർ ചെയ്യാൻ ഇപ്പോൾ ആരുമില്ല. ഇനി, ഇപ്പറഞ്ഞ പതിനായിരം ആംഗ്ലിക്കൻ പാതിരിമാർക്കു് ഓരോരുത്തർക്കും ഈരണ്ടു് പേയ്ട്രണുകൾ ഉണ്ടെന്നു് നമ്മളൊന്നു് സങ്കൽപിച്ചുനോക്കിയാൽ, എനിക്കു് ബിഷപ്പു് സ്ഥാനം ലഭിക്കില്ല എന്നതിനു് ഒന്നിനു് ഇരുപതിനായിരം എന്നുപോലും ആർക്കും ഉറപ്പായി ബെറ്റ് വയ്ക്കാം. അതിനെപ്പറ്റി ചിന്തിച്ചാൽ ആർക്കായാലും ദ്വേഷ്യം വരും.
മുൻപൊരിക്കൽ ഒരു ഷിപ്പ്-ബോയ് ആയി ഇൻഡ്യയിലേക്കു് പോകാൻ ചിലർ എന്നെ ഉപദേശിച്ചതു് ഞാനിപ്പോഴും ഓർമ്മിക്കുന്നു. അവിടെ എനിക്കു് എന്റെ ഭാഗ്യം പരീക്ഷിക്കാമെന്നു് അവർ എനിക്കുറപ്പു് തന്നിരുന്നെങ്കിലും, ഭാവിയിൽ ഒരു സുപ്രഭാതത്തിൽ അഡ്മിറൽ ആവാനാണു് ഞാൻ വിളിക്കപ്പെട്ടിരിക്കുന്നതെന്ന തോന്നൽ എനിക്കില്ലായിരുന്നു. അവസാനം, എല്ലാ തൊഴിലുകളും പരിശോധിച്ചതിനുശേഷം, ഒരു പ്രയോജനവുമില്ലാത്ത ഒരു ആത്മീയനായി തുടരാൻ ഞാൻ തീരുമാനിക്കുകയായിരുന്നു."
സിഡ്രാക് അവനെ ഉപദേശിച്ചു: "എങ്കിൽപ്പിന്നെ നിങ്ങൾ പാതിരിയായി തുടരാതെ ഒരു ചിന്തകൻ ആവൂ. ആ തൊഴിലിനു് സമ്പത്തിന്റെ ആവശ്യമില്ല, സമ്പത്തു് ഉണ്ടാവുകയുമില്ല. എത്രയാണു് നിങ്ങളുടെ ഇപ്പോഴത്തെ വരുമാനം?"
"മുപ്പതു് 'ഗിനി' മാത്രമാണു് എന്റെ വാർഷികവരുമാനം. എന്റെ വയസ്സിയായ അമ്മായിയുടെ മരണശേഷം അതു് അൻപതായേക്കാം."
"ഓ, പ്രിയ ഗോഡ്മാൻ, സ്വതന്ത്രമായി ജീവിക്കാനും വിചിന്തനം ചെയ്യാനും അതു് ധാരാളം മതി. മുപ്പതു് ഗിനി അറുന്നൂറ്റിമുപ്പതു് ഷില്ലിംഗ് ആണു്: അതായതു്, ഒരു ദിവസത്തേക്കു് ഏകദേശം രണ്ടു് ഷില്ലിംഗ്. ഫിലിപ്സിനു് ഒരു ദിവസത്തേക്കു് ഒരു ഷില്ലിംഗ് മതിയായിരുന്നു. ഇത്രയും ഉറപ്പായ വരുമാനത്തിന്റെ പിൻബലത്തിൽ, ഈസ്റ്റ് ഇൻഡ്യാ കമ്പനിയെപ്പറ്റിയും, പാർലമെന്റിനെപ്പറ്റിയും, നമ്മുടെ കോളണികളെപ്പറ്റിയും, രാജാവിനെപ്പറ്റിയും, അസ്തിത്വത്തെപ്പറ്റി പൊതുവേതന്നേയും, ദൈവത്തെപ്പറ്റിയും, മനുഷ്യരെപ്പറ്റിയും നിങ്ങൾ ചിന്തിക്കുന്നതു് മുഴുവനും വിളിച്ചുപറയാൻ ഒരു ചിന്തകൻ എന്നനിലയിൽ നിങ്ങൾക്കു് കഴിയും. അതു് ഭയങ്കര രസമുള്ള ഒരു ജോലിയാണുതാനും. ആഹാരം നിങ്ങൾക്കു് എന്നോടൊപ്പം കഴിക്കാമെന്നതിനാൽ അതുവഴിയും പണം ലാഭിക്കാം. അങ്ങനെ നമുക്കു് പരസ്പരം ചർച്ചകളിൽ ഏർപ്പെടാം. എന്റെ വാക്കുകളിലൂടെ പ്രകടിപ്പിക്കപ്പെടുമ്പോൾ നിങ്ങളുടെ പരിചിന്തനശേഷി ആനന്ദത്തിൽ ആറാടും. മനുഷ്യർക്കു് ഇതുവരെ വേണ്ടത്ര വിസ്മയത്തോടെ കാണാൻ കഴിഞ്ഞിട്ടില്ലാത്ത വളരെ ശ്രദ്ധേയമായ ഒരു കാര്യമാണതു്."
(തുടരും)
In : ഫിലോസഫി
Tags: പലവക വോള്ട്ടയര് ഫിലോസഫി
blog comments powered by Disqus



