കഴുതയെ ചുമന്നവരുടെ കഥ
October 4, 2009
പണ്ടെന്നോ കേട്ട ഒരു ബാലകഥ ഓര്‍മ്മയില്‍നിന്നു് എഴുതുന്നതാണു്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.
അപ്പനും മകനും ഒരു യാത്ര പോവുകയായിരുന്നു. വാഹനമായി ഒരു കഴുതയും.
കഴുതയുടെ "ഹോഴ്സ് പവ്വര്‍" കുതിരയുടെ അത്ര വരില്ലെങ്കിലും അതു് പഴയ പ്രേമം പോലെ ചെലവുകുറഞ്ഞ ഒരേര്‍പ്പാടാണു്. സ്പീഡിന്റെ പരിമിതി മെയിന്റെനന്‍സ് ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ സഹിക്കാവുന്നതേയുള്ളു എന്നതാണു് അതിന്റെ ഒരു economics.
(ഒരു കഴുതയെ ഒരു സ്ഥലത്തുനിന്നു് മറ്റൊരു സ്ഥലത്തു് എത്തിക്കുവാന്‍ ഇരുന്നൂറും മുന്നൂറും കുതിരകളെ ഉപയോഗിക്കാനുള്ള സാമ്പത്തികശേഷിയുള്ളവരല്ല എല്ലാ കഴുതകളും!)
കഴുതയുടെ പുറത്തു് ഭാരം കയറ്റുമ്പോള്‍ മുതുകു് അമാവാസിയുടെ അഞ്ചാം നാളിലെ ചന്ദ്രക്കലപോലെ വളയുമെന്നതു് മാത്രമാണു് ബലഹീനമാനസരെ ഒരുപക്ഷേ ചിന്താക്കുഴപ്പത്തിലാക്കിയേക്കാവുന്ന ഒരു പ്രശ്നം. തന്റെ കഴുതയോടു് ഓശാനനാളില്‍ യേശുവിനു് തോന്നാത്തതില്‍ കൂടുതല്‍ സഹതാപം സാദാ മനുഷ്യര്‍ക്കു് തോന്നേണ്ട കാര്യമില്ല എന്നു് ദൈവനാമത്തില്‍ വിശ്വസിച്ചുകൊണ്ടു് ആകാശത്തിലേക്കു് നോക്കി ലക്ഷണമൊത്ത ഒരു കുരിശുവരച്ചാല്‍ തീരാവുന്നതേയുള്ളു ആ പ്രശ്നം.
ഇത്രയും ആമുഖമാണു്. കഴുത്തറക്കുന്നതിനു് മുന്‍പും വേദം ചൊല്ലിയിരിക്കണം. അല്ലെങ്കില്‍ ദൈവദോഷം ഉണ്ടാവും. ഇനി മഹാകാവ്യത്തിലേയ്ക്കു്. (ചുരുങ്ങിയതു് രണ്ടു് അംഗകാവ്യവും ഒരു അംഗികാവ്യവും ചേരുന്നതാണു് ഒരു മഹാകാവ്യം. ഇതു് പതിവായി മഹാകാവ്യം എഴുതാത്തവരും, താമസിയാതെ എഴുതാന്‍ ആഗ്രഹിക്കുന്നവരുമായവരുടെ അറിവിനു്!)
ഈ സംഭവം നടന്നതു് കടമുള്ളൊരു ദിവസമായിരുന്നു. പള്ളിയോടുള്ള കടം മുഴുവന്‍ പലിശസഹിതം വീട്ടി അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ പറ്റംപറ്റമായി വീട്ടിലേയ്ക്കു മടങ്ങുന്ന വിശ്വാസികള്‍ അത്ര സന്തുഷ്ടരായിരുന്നില്ല. കാരണം, കടം ഒരു പേപ്പര്‍ വെയ്റ്റ് പോലെയാണു്. അതൊരു ഭാരമാണെങ്കിലും, ആ ഭാരം ഇല്ലെങ്കില്‍ മേശപ്പുറത്തെ കടലാസുകള്‍ക്കു് ത്രിശങ്കുസ്വര്‍ഗ്ഗത്തിലെ അവസ്ഥയാവും. മനുഷ്യരെസംബന്ധിച്ചാണെങ്കില്‍, പതിവുപോലെ അടുത്ത ആഴ്ചയും പള്ളിയില്‍ ചെന്നു് വീട്ടാന്‍ അല്‍പസ്വല്‍പം കടം ഉള്ളിലുണ്ടെന്ന ബോധം തറയില്‍ കാലുറപ്പിക്കാന്‍ സഹായിക്കും. വീട്ടിയ കടത്തിന്റെ വിടവുനികത്താന്‍ പുതിയ കടങ്ങള്‍ തേടുന്ന ഇവര്‍ക്കെതിരെയാണു് കഴുതയുടേയും കഥാനായകന്മാരുടെയും വരവു്. മകന്‍ കഴുതപ്പുറത്തു്. അപ്പന്‍ നടരാജന്‍. കണ്ടവര്‍ കണ്ടവര്‍ അവരുടെ ചുണ്ടിന്റെ നീളത്തിനനുസരിച്ചു് വായില്‍ തോന്നിയ അഭിപ്രായങ്ങള്‍ കൊട്ടിയും നീട്ടിയും പാടി. (അക്കാലത്തു് കമന്റ് മോഡറേഷന്‍ പ്രാബല്യത്തിലില്ലായിരുന്നു!)
"കണ്ടില്ലേ? പ്രായമായവരെ ബഹുമാനിക്കാത്തൊരു പയ്യന്‍! അപ്പനെ നടത്തിയിട്ടു് കഴുതപുറത്തിരുന്നു് സുഖിക്കുന്നു".
മുന്‍പേ ഗമിച്ചീടിന ഗോവുതന്റെ പിന്‍പേ മൂരികള്‍ നടക്കണം എന്നതാണു് പ്രകൃതിനിയമം. അതുകൊണ്ടു് മുന്‍പേ പോയവര്‍ പറഞ്ഞ അഭിപ്രായം കേട്ട പിന്‍ഗാമികളും, പോളിഗാമികളും തത്തക്കിളികളെപ്പോലെ ഏറ്റുപാടി. അപ്പനും മകനും ദുഃഖിതരായി.
മകന്‍ പറഞ്ഞു: "ഞാന്‍ നടന്നുകൊള്ളാം. അപ്പന്‍ കഴുതപ്പുറത്തു് കയറിക്കൊള്ളൂ"!
അപ്പനോടുള്ള സ്നേഹം കൊണ്ടു് മാത്രമല്ല, നടക്കാനുള്ള ആരോഗ്യം തനിക്കാണു് കൂടുതല്‍ എന്നു് തെളിയിച്ചു് അപ്പന്റെ സ്നേഹം പിടിച്ചുപറ്റാനുള്ള നിഗൂഢമോഹം മൂലവും അപ്പന്‍ കഴുതപ്പുറത്തിരിക്കുന്നതായിരുന്നു അവനു് ആദ്യം മുതലേ കൂടുതലിഷ്ടം. എങ്കിലും, അനുസരണയുള്ള മക്കളും, താനേ തൊഴുത്തില്‍ വരുന്ന കന്നുകാലികളും ഗുണം വരില്ല എന്ന പഴമൊഴി അറിയില്ലാതിരുന്നതുകൊണ്ടു് യാത്രയുടെ ആരംഭത്തില്‍ അപ്പന്‍ അവനെ കഴുതപ്പുറത്തിരുത്തിയപ്പോള്‍ അനുസരിക്കാന്‍ അവന്‍ തീരുമാനിക്കുകയായിരുന്നു.
അധികം കഴിയുന്നതിനുമുന്‍പേതന്നെ അടുത്തപറ്റം സമ്മതിദായകര്‍ എത്തി. അവര്‍ മകന്റെ പക്ഷം ചേര്‍ന്നു.
"ദാ നോക്കൂ, ദ്രോഹിയായൊരു പിതാവു്! മകനെ നടത്തിയിട്ടു് കഴുതപ്പുറത്തു് ഒറ്റയ്ക്കു് ഞെളിഞ്ഞിരുന്നു് യാത്ര ചെയ്യുന്നു. ഇയാള്‍ക്കു് ആ കുട്ടിയേക്കൂടി കഴുതപ്പുറത്തു് കയറ്റിയാലെന്താ"?
ഈ അഭിപ്രായവും വഴിപോക്കര്‍ ച്യൂയിംഗ് ഗം പോലെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു് ചവച്ചു. കഥാനായകര്‍ക്കു് വീണ്ടും തലവേദനയായി. താമസിയാതെ രണ്ടുപേരും ഒരുമിച്ചു് കഴുതപ്പുറത്തിരുന്നു് യാത്ര ചെയ്യാന്‍ തീരുമാനിച്ചു. ലോകരക്ഷകര്‍ക്കു് അതും സഹിക്കാനായില്ല.
"ഇങ്ങനെയുമുണ്ടോ ഒരു ക്രൂരത? ആ പാവം കഴുതയുടെ മുതുകു് ദാ, അര്‍ദ്ധവൃത്താകൃതിയിലായി. രണ്ടിനും നല്ല ആരോഗ്യമുണ്ടല്ലോ. അവര്‍ക്കു് എന്തുകൊണ്ടു് ആ കഴുതയെ ചുമന്നുകൂടാ"?
ഒരര്‍ത്ഥത്തില്‍ ഈ അഭിപ്രായത്തില്‍ കഴമ്പുണ്ടെന്നു് അപ്പനും മകനും തോന്നി. പിന്നീടു് അധികം ആലോചിച്ചില്ല. അവര്‍ കഴുതയെ തലയിലേറ്റി യാത്ര തുടര്‍ന്നു. അപ്പോഴേക്കും പള്ളിയുടെ അധികാരപരിധി അവര്‍ കടന്നുകഴിഞ്ഞിരുന്നു.
അതുകൊണ്ടാണു് ജ്ഞാനികളായ കവീശ്വരന്മാര്‍ മഹാകാവ്യങ്ങളിലൂടെ നമ്മെ പഠിപ്പിച്ചതു്: "പലരോടും നിനയാതെ ഒരുകാര്യം തുടങ്ങൊല്ല!"

Posted by c.k.babu. Posted In : കഥ